🔥 TRENDING Yellow Alert Issued for 13 Karnataka D... मुख्यमंत्री योगी आदित्यनाथ ने 1000 से... Uttarakhand: 39,815 Rural Families Rec... Opposition March Causes Central Delhi... Haryana Expands Time-Bound Public Serv... Haryana Broadens Drug‑Free Drive to Sc...
08 Oct 2026•
ગુજરાતી मराठी ਪੰਜਾਬੀ বাংলা

ആടിന് ഫയർഫോഴ്സിന്റെ 'സി.പി.ആർ'; ജീവൻ തിരിച്ചുകിട്ടി

✍️ Reporter: RAMESH CHUNGAPPALLI 🗓 08 Oct 2026, 06:55 PM 👁 13
Watch on: 📘 Facebook
Share: 💬 WhatsApp 📘 Facebook 𝕏 Post

ഫയർഫോഴ്സിൽ അഭിനന്ദനങ്ങൾ

മഞ്ചേരി: നാടിനെ വിസ്മയിപ്പിച്ച് മഞ്ചേരി അഗ്നിരക്ഷാസേനയുടെ രക്ഷാപ്രവർത്തനം. കിണറ്റിൽ വീണ് ശ്വാസവും ഹൃദയമിടിപ്പും നിലച്ച ആടിന് സി.പി.ആർ (CPR) നൽകി ജീവൻ തിരികെ നൽകി ഫയർഫോഴ്സ് അംഗങ്ങൾ മാതൃകയായി.
​മഞ്ചേരി മുനിസിപ്പാലിറ്റി 39-ാം വാർഡ് മുള്ളമ്പാറ ഗ്യാസ് ഗോഡൗണിന് സമീപമുള്ള കൂളിയോടൻ നാസറിന്റെ വീട്ടുവളപ്പിലാണ് സംഭവം. നാസറിന്റെ രണ്ട് വയസ്സ് പ്രായമുള്ള ആട് വീട്ടുപറമ്പിലെ 40 അടിയോളം താഴ്ചയും പത്തടിയോളം വെള്ളവുമുള്ള ആൾമറയുള്ള കിണറ്റിൽ അബദ്ധത്തിൽ വീഴുകയായിരുന്നു.
​വിവരമറിഞ്ഞ ഉടൻ തന്നെ മഞ്ചേരി അഗ്നിരക്ഷാസേന എസ്.എഫ്.ആർ.ഒ (SFRO) ജംഷാദിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി. റെസ്ക്യൂ നെറ്റും റോപ്പും ഉപയോഗിച്ച് ഫയർമാൻ കൃഷ്ണകുമാർ കെ.സി കിണറ്റിലിറങ്ങി ആടിനെ കരയ്ക്കെത്തിച്ചു. എന്നാൽ കരയ്ക്കെത്തിച്ചപ്പോഴേക്കും ആടിന് ശ്വാസവും ഹൃദയമിടിപ്പും നിലച്ചിരുന്നു. തുടർന്ന് വൈകാതെ തന്നെ ഫയർഫോഴ്സ് സംഘം ആടിന് സി.പി.ആർ നൽകാൻ തുടങ്ങി. സേനാംഗങ്ങളുടെ തുടർച്ചയായ ശ്രമത്തിനൊടുവിൽ ആട് ജീവന്റെ ലക്ഷണങ്ങൾ കാണിക്കുകയും പൂർണ്ണമായും സുഖം പ്രാപിക്കുകയും ചെയ്തു.
​ഫയർമാൻ ഡ്രൈവർ സത്യൻ, ഫയർമാന്മാരായ അനൂപ്, മിഥുൻ, ബിനീഷ്, മുകുന്ദൻ എന്നിവരും രക്ഷാപ്രവർത്തന സംഘത്തിലുണ്ടായിരുന്നു. കൃത്യസമയത്ത് സമയോചിതമായി ഇടപെട്ട് മിണ്ടാപ്രാണിയുടെ ജീവൻ രക്ഷിച്ച അഗ്നിരക്ഷാസേനയുടെ പ്രവർത്തനത്തെ നാട്ടുകാർ ഒന്നടങ്കം അഭിനന്ദിച്ചു.
📲Get App